Sunday, May 12, 2013

അദ്ധ്യായം,പതിനാറ്‌-വിട്ടുപോകലിന്‍റെ നീതിശാസ്ത്രം

പതിനാറ്‌
സുയോധനന്‍ അധികാരമേറ്റതോടെ കൊട്ടാരത്തിലെ അന്തച്ചിദ്രങ്ങളും വര്‍ധിച്ചു!പരിചാരകരും സഭാവാസികളുമൊക്കെ പരസ്പരം രണ്ടായ്‌ പിരിഞ്ഞ്‌ കൌരവപക്ഷത്തും പാണ്ഡവപക്ഷത്തുമായി നിലയുറപ്പിച്ച് ഓരോ കുട്ടര്‍ക്കുമായി വാദിച്ചു.അധികാരം ആര്‍ക്കെന്നതായിരുന്നു തര്‍ക്കം.അതില്‍ ആചാര്യന്മാരും പിതാകന്മാരുമൊക്കെ ഭാഗമായതോടെ സുഗമമായ ഭരണം സാധ്യമല്ലെന്നുതന്നെ സുയോധനനു തോന്നിത്തുടങ്ങി.എവിടെയും ചാരന്മാരുടെയും ഒറ്റുകാരുടെയും സുക്ഷ്മനയനങ്ങള്‍!അതുകൊണ്ട് ആരെ വിശ്വസിക്കണം അവിശ്വസിക്കണ൦ എന്ന ധര്‍മ്മ സങ്കടത്തിലായി അയാള്‍.തന്‍റെ മനോഗതങ്ങള്‍ ചങ്ങാതിയുമായി പങ്കുവയ്ക്കവേ കര്‍ണ്ണന്‍ പറഞ്ഞു:

ഞാനുംകേള്‍ക്കുന്നുണ്ട്സുയോധനാ, അന്തപ്പുരവര്‍ത്തമാനങ്ങള്‍. നീതിയെപറ്റിയുള്ള വാക്തര്‍ക്കങ്ങള്‍!

പിന്നെ സുയോധനനെ ആശ്വസിപ്പിക്കാനെന്നവണ്ണം കര്‍ണ്ണന്‍ തുടര്‍ന്നു.

കൊട്ടാരത്തിലെ നിയമനങ്ങള്‍ പാണ്ടുമാഹാരാജാവിന്‍റെതു ആയിരുന്നല്ലോ.അപ്പോള്‍ ആ പക്ഷപാതവും കാണും.ഇതെല്ലാം മറികടക്കാന്‍ കുടുതല്‍ ജാഗ്രത്താവുക 

കര്‍ണ്ണന്‍റെ അഭിപ്രായ പ്രകാരം സുയോധനന്‍ കാര്യങ്ങള്‍ കുടുതല്‍ കാര്‍ക്കശ്യമാക്കി.പാണ്ഡവരോട് കുടുതല്‍ മമത കാട്ടുന്നവരെ നിരിക്ഷണവിധേയരാക്കി!ദ്രോണാചാര്യര്‍ക്ക് മറ്റുള്ളവരെപ്പോലെ പാണ്ഡവരോട് കുടുതല്‍ അനുഭാവമില്ല.ധനവും സ്ഥാനമാനങ്ങളും തന്നെയാണ് ആചാര്യന് പഥ്യം!എങ്കിലും അര്‍ജുന വാത്സല്യത്തോട് യാതൊരുവിധകുറവും ഇല്ല!ആരുമറിയാതെ ബ്രമാസ്ത്രവിദ്യപോലും കൈമാറിയിരിക്കുന്നു അജുനന്!

വളരെ  നിതിപുര്‍വകവും കാര്‍ക്കശ്യവും ആയിരുന്നിട്ടുകൂടി അഭംഗുരമായ ഭരണം സാധ്യമായില്ല സുയോധനന്!അയാളുടെ ഓരോ നടപടികള്‍ക്കും പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടായി!സുയോധനന് ഉണ്ടായ ചെറിയ പിഴവുകള്‍ പോലും വലുതായി കൊണ്ടാടപ്പെട്ടു!അയാള്‍ക്കെതിരെ പല കെട്ടുകഥകളും വ്യാപകമായി പ്രചരിക്കപ്പെട്ടു!എല്ലാകഥകളിലും ധര്‍മ്മപുത്രര്‍ നീതിനിഷ്ടനായിരുന്നു,പാണ്ഡവര്‍ ധര്‍മ്മിഷ്ടരും!

കഥകളും  പ്രചാരണങ്ങളും ധൃതരാഷ്ട്രരുടെ ചെവിയിലുമെത്തി.മകനെതിരെയുള്ള പടയൊരുക്കങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി.ഒരു ദിനം,മന്ത്രന്ജനും ബ്രാഹ്മണപണ്ഡിതനുമായ കണികനെ ആളയച്ചു വരുത്തിക്കൊണ്ട് ധൃതരാഷ്ട്രര്‍ ചോദിച്ചു:

സുയോധനനും ഭീമനും തമ്മിലും അര്‍ജുനനും കര്‍ണ്ണനും തമ്മിലും കുടുതല്‍ വൈരാഗികളായി മാറുന്നുവെന്നു പലരും പറഞ്ഞ്‌ ഞാനറിയുന്നു.പാണ്ഡവരും കൌരവരും തമ്മിലുള്ള താപകോപങ്ങള്‍ ഇല്ലാതാകാന്‍ എന്താണ് പോംവഴി?

കണികന്‍ പറഞ്ഞു:

അത് മറികടക്കുക കാലനുകുടി സാധ്യമല്ലാത്തതാണ്.വൈരങ്ങളും അപവാദങ്ങളും ഭരണകാര്യങ്ങളില്‍ പതിവുള്ളതാണെന്ന് അങ്ങേക്കും അറിയാമല്ലോ?അത് ഇല്ലാതാകാന്‍ സദാ ജാഗ്രതയല്ലാതെ മറ്റുവഴികളില്ല.സ്വാന്ത്വം,ദാനം,ഭേദം,ദണ്ഡം തുടങ്ങിയവയൊക്കെ സമാധാനം നിലനിര്‍ത്താന്‍ പരിക്ഷിക്കാവുന്നതാണ്.

അതുകേട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ കുടുതല്‍ ആകാംക്ഷാഭരിതനായി.ആ മനസ് കണ്ടറിഞ്ഞ് കണികന്‍ തുടര്‍ന്നു:

ഭിരുവിനെ ഭയപ്പെടുത്തിത്തന്നെ ഭേദിക്കണം.ശുരന്മാരെ വന്ദനം ചെയ്തു പിടിക്കണം.ലുബ്ധന് ദാനമാണ് നല്ലത്.സമനും താണവനും കൈയ്യൂക്കു തന്നെ ഭേദം.

ധൃതരാഷ്ട്രര്‍ കുടുതല്‍ താത്പര്യം കാണിക്കുന്നത് കണ്ട് ഒന്ന് നിര്‍ത്തിയശേഷം കണികന്‍ തുടര്‍ന്നു:

പുത്രന്‍,സഖാവ്,സോദരന്‍,പിതാവ്,ഗുരു ഇവര്‍ ആരായാലു൦ ശത്രുസ്ഥാനത്തുനിന്നുകൊണ്ട് എതിര്‍ത്താല്‍ വധിക്കാന്‍ മടിക്കേണ്ടതില്ല.തനിക്ക് തുല്യനാണ് ശത്രുവെന്നു വരുകില്‍ കരുതിയിരിക്കുന്നിടത്താണ് ജയം.

കണികന്‍റെ ഓരോ വാക്കുകളും ധൃതരാഷ്ട്രരെ കുടുതല്‍ ആവേശഭരിതനാക്കി.തന്‍റെ പുത്രന്‍റെ അവിഗ്നഭരണത്തിനും ആയുസ്സിന്നും വേണ്ടി ഏതറ്റംവരെ പോകാനും ആ പിതൃഹൃദയം കൊതിച്ചു.അപ്പോഴും കണികന്‍ തുടര്‍ന്നുകൊണ്ടിരുന്നു:

അതുകൊണ്ട് രാജാവേ,ശത്രൂ നിസ്സാരനായാലും വെറുതെ വിടരുത്.ആശകള്‍ സാധിക്കാന്‍ ദീര്‍ഘകാലം വേണ്ടി വന്നേക്കാം.അങ്ങ് പാണ്ഡവര്‍ക്കുമേലും പ്രയോഗിക്കേണ്ട ന്യായം ഇതൊക്കെയെന്നു എനിക്ക് തോന്നുന്നു.

തുടര്‍ന്ന് ധൃതരാഷ്ട്രരെ നമസ്കരിച്ച്  ഉപഹാരങ്ങള്‍ സ്വീകരിച്ച് കണികന്‍ യാത്രയായി.



കണികന്‍റെ വാക്കുകള്‍ ധൃതരാഷ്ട്രരെ ചിന്താമഗ്നനാക്കി.കണികന്‍ പറഞ്ഞതില്‍ പാണ്ഡവര്‍ ഉള്‍പ്പെടുമെന്ന് അദ്ധേഹം ഏറെനേരം ചിന്തിച്ചു.തത്കാലം ശത്രുക്കളായി ഗണിക്ക വയ്യ!പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ പാണ്ഡവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാവും ഉചിതമെന്ന് അദ്ദേഹത്തിനു തോന്നി.

ധൃതരാഷ്ട്രര്‍ തന്‍റെ ഭാര്യാസഹോദരനായ ശകുനിയെ ആളയച്ചു വരുത്തി.പാണ്ഡവരെ ഹസ്തിനപുരത്തു നിന്നും മാറ്റിപാര്‍പ്പിക്കുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും അയാള്‍ ഏറ്റെടുത്തു.ഈ കാര്യം അയാള്‍ സുയോധനനോട് സുചിപ്പിച്ചപ്പോള്‍,സുയോധനന്‍ പറഞ്ഞു:

അച്ഛന്‍റെ ഉപായം കൊള്ളാം.കുറച്ചു കാലം അവര്‍ അകന്നു നില്‍ക്കട്ടെ.ആളുകള്‍ എന്നെ വിശ്വസിക്കുകയും രാജ്യം എന്നില്‍ ഉറയ്കുകയും ചെയ്താല്‍പിന്നെ അവര്‍ക്ക് തിരികെവരാമല്ലോ.

അത് കേട്ടതും ശകുനി തന്‍റെ വിശ്വസ്തനായ പുരോചനനെ വിളിച്ചുവരുത്തി.ഹസ്തിനപുരത്തിനു സമീപം ഉള്ള വാരണാവതത്തില്‍ പാണ്ഡവര്‍ക്ക് താമസിക്കാനായി ഒരു കൊട്ടാരം പണികഴിപ്പിക്കുന്നതിനുള്ള  ചുമതല നല്‍കി.അധികം വൈകാതെതന്നെ കൊട്ടരംപണി പുര്‍ത്തിയായി.പാണ്ഡവര്‍ക്കും ഈ മാറ്റം നല്ലതാണെന്ന് തോന്നി.കര്‍ണ്ണനെ കണ്ടുമുട്ടെണ്ടി വരില്ലല്ലോയെന്നു അര്‍ജുനന്‍ ആശ്വസിച്ചു.സുയോധനനുമായി അകലം പാലിക്കാന്‍ കഴിയുന്നതില്‍ ഭീമനും സന്തോഷിച്ചു.

ശിവമഹോത്സവ ദിവസമാണ് പാണ്ഡവരുടെ പുരമാററത്തിനു മുഹുര്‍ത്തം കുറിക്കപ്പെട്ടത്.കൊട്ടാരം വരെ സുയോധനാദികള്‍ അവരെ അനുഗമിച്ചു.സല്ക്കാരങ്ങള്‍ക്ക് ശേഷം തിരികെ പോരാന്‍ നേരം വിദുരര്‍ യുധിഷ്ഠിരനെ മാറ്റിനിര്‍ത്തി എന്തോ സ്വകാര്യ൦ പറയുന്നത് സുയോധനന്‍ കാനാതിരുന്നില്ല.അത് ഗൌനിക്കാതെ അയാള്‍ തന്‍റെ തേരില്‍ കരേറി.


***






No comments:

Post a Comment