Sunday, October 27, 2013

അധ്യായം-27,പെണ്ണ് വേണോ?


അധ്യായം-27
അച്ഛനെ മുന്‍നിര്‍ത്തി സുയോധനന്‍ ഭരണം തുടര്‍ന്നു.ഒരുദിനം കാശി രാജ്യത്തുനിന്നും ഒരു ദുതന്‍ ഹസ്തിനപുരത്തെത്തി.ആചാരമര്യാദകളോടെ കൊട്ടാരം അയാളെ വരവേറ്റു.മഹാരാജാവിനെയും മറ്റ് സഭാവാസികളെയും വണങ്ങിക്കൊണ്ട് അയാള്‍ ഉണര്‍ത്തിച്ചു:

കാശി രാജന്റെ പ്രിയപുത്രി ഭാനുമതിയുടെ സ്വയംവരം കുറിക്കപ്പെട്ടിരിക്കുന്ന വിവരം സന്തോഷപുര്‍വ്വം നിങ്ങളെ അറിയിക്കുന്നു.

പിന്നെ അയാള്‍ ധൃതരാഷ്ട്രരുടെ സമിപം വന്ന്‌ ,സുയോധനനെ ഒന്നിടങ്കണ്ണിട്ട് നോക്കിക്കൊണ്ട്‌ മഹാരാജാവിനോട്‌ പറഞ്ഞു:

അങ്ങയുടെ മുത്രപുത്രനുമായുള്ള ബന്ധം അവിടെ ആഗ്രഹിക്കുന്നുണ്ട്.

അപ്പോള്‍ ധൃതരാഷ്ട്രര്‍ ചോദിച്ചു:

പിന്നെയെന്തിന് സ്വയംവരം?

രാജകുമാരിയുടെ ആഗ്രഹം അതാണ്‌.രാജന്‍ അതിനു വഴങ്ങുന്നുവെന്നു മാത്രം

അവരുടെ സംസാരം കേട്ട സുയോധനന്‍ ഒട്ടൊരു നാണത്തോടെ അവിടം വിട്ടു.കര്‍ണ്ണന്‍ വിവരം അറിഞ്ഞതോടെ ഓടിവന്ന്,അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

നിന്റെ കീര്‍ത്തി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.ധീരനായ നിന്നെ സ്വികരിക്കുന്നതിന്‌ സുന്ദരിമാര്‍ ഏറെ ഉണ്ടാവും.നിയോഗം കാശി രാജകുമാരിയുമായെങ്കില്‍ അങ്ങിനെ നടക്കട്ടെ.

കര്‍ണ്ണന്റെ സന്തോഷം പങ്കിട്ടുകൊണ്ട് സുയോധനന്‍ പറഞ്ഞു:

രാജ്യഭരണം കുറേക്കുടി ഭദ്രമായത്തിനു ശേഷമേ ഞാന്‍ വിവാഹം ആഗ്രഹിക്കുന്നുള്ളൂ.

കര്‍ണ്ണന്‍ ചോദിച്ചു:

രാജ്യം ഭദ്രമല്ലെന്ന് ആരാണ് പറഞ്ഞത്?പ്രജകള്‍ നിന്റെ ഭരണത്തെ വാഴ്ത്തുന്നു.ഇനിയും അക്കാര്യത്തില്‍ സംശയം വേണ്ടാ സുയോധനാ.

എങ്കിലും സുയോധനന്‍ സംശയഗ്രസ്തനായി.അയാള്‍ ചോദിച്ചു:

വിവാഹം, ഭരണത്തിലുള്ള ശ്രദ്ധ കുറക്കില്ലേ?

കര്‍ണ്ണന്‍ അതുകേട്ട്‌ ചിരിച്ചു.

അങ്ങ് വിവാഹത്തെ എന്തിന് ഭയപ്പെടണം?അന്ധനായിട്ടുപോലും അങ്ങയുടെ അച്ഛന് അത് സാധിച്ചില്ലേ?പാണ്ഡവരെ നോക്കു,അഞ്ചുപേര്‍ക്കും കുടി ഒരാളല്ലേ ഉള്ളൂ.

പിന്നെ സുയോധനന് അടുത്തുവന്നു ആ കണ്ണുകളില്‍ നോക്കിക്കൊണ്ട്‌ തുടര്‍ന്നു:

എനിക്കറിയാം നിന്റെ ഭയം എന്തെന്ന്.സ്വയംവര മണ്ഡപത്തില്‍ നീ പിന്തള്ളപ്പെടുമോയെന്ന്.അല്ലെ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ അയാളുടെ ഇരു കൈകളും കൂ ട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

അങ്ങിനെ ഒരിക്കലുംസംഭവിക്കില്ല.ഗുണവാനായ നിന്നെ ഇതു സ്ത്രിക്ക്‌ ഉപേക്ഷിക്കാനാവും?

സുയോധനന്‍ അപ്പോള്‍ ദ്രൌപതീ സ്വയംവരം ഓര്‍ത്തു.അരങ്ങില്‍ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടിവന്ന കര്‍ണന്റെ മുഖം അയാളില്‍ തെളിഞ്ഞു.അത് മനസിലാക്കിയിട്ടെന്നവണ്ണം കര്‍ണ്ണന്‍ പറഞ്ഞു:

എനിക്കുണ്ടായ  അപമാനം നിനക്ക് സംഭവിക്കുകയില്ല.ഏറ്റുപാടാന്‍ ആള്‍ക്കുട്ടവും ഏറ്റിനടക്കാന്‍ കുലമഹിമയും ഇല്ലാത്ത എന്നെപ്പോലെ അല്ലല്ലോ രാജാധിരാജനായ താങ്ങള്‍ .

കര്‍ണ്ണന്‍ മെല്ലെ മുറി വിട്ടു പോയി.താന്‍ സ്വപ്നത്തില്‍പ്പോലും കാണാത്ത ഒന്ന് സംഭവിക്കാന്‍ പോകുന്നു.രാജാവെന്നതുപോലെ നല്ലൊരു ഭര്‍ത്താവാകാനും നിശ്ചയിച്ചുകൊണ്ട് അയാള്‍ മെത്തയിലേക്ക് കിടന്നു.

൦൦൦








No comments:

Post a Comment