Tuesday, October 29, 2013

അദ്ധ്യായം-28,സ്വയംവര മണ്ഡപത്തില്‍

അദ്ധ്യായം-28,
കര്‍ണ്ണനോടൊപ്പം കാശിരാജ്യത്തേക്ക് പോകുമ്പോള്‍ സുയോധനന്‍ പതിവിലും നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു.സ്വര്‍ണ്ണനുലുകള്‍ ഇഴപാകിയ ഉത്തരിയവും രത്നകിരീടവും വൈടുര്യം പതിപ്പിച്ച കങ്കണങ്ങളും മാലകളും അയാളെ കുടുതല്‍ സുന്ദരന്‍ ആക്കിയിരുന്നു.വെളുത്ത കുതിരകളെ പുട്ടിയ തേരില്‍ കര്‍ണ്ണനൊപ്പം അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെയിരുന്നു.കൌരവരില്‍ മുത്തവനായ താന്‍ വിവാഹിതനാവാന്‍ പോകുന്നു!

അലങ്കാരങ്ങള്‍ കൊണ്ട് വര്‍ണ്ണശബളമായിരുന്നു കാശി രാജാങ്കണം.മുത്തുക്കുടകള്‍  സപ്തവര്‍ണ്ണങ്ങള്‍ വാരിത്തുകുന്ന കൂടാരങ്ങള്‍ .നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാരുടെ അകമ്പടിയോടെയാണ്,സ്വയംവരത്തിനെത്തിയ ഓരോരുത്തരും സ്വികരിക്കപ്പെട്ടത്‌.താലങ്ങള്‍ ഏന്തിയ കന്യകമാര്‍ നിലാവൊത്ത പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ അതിഥികളെ ആനയിച്ച്അര്‍ഹതപ്പെട്ട ഇരിപ്പിടങ്ങള്‍ നല്കീ ആദരിച്ചുകൊണ്ടിരുന്നു.താന്‍ വിചാരിച്ചിരുന്നതിലും ഗംഭിര സ്വികരണമാണ് സുയോധനനു ലഭിച്ചത്.ആലവട്ടങ്ങള്‍ വീശി,നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി,മധുരം നല്‍കി,താളവൃന്ദങ്ങളോടെ സുയോധനന്‍ സ്വയംവര മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു.




സുയോധനന്‍ കടന്നു ചെല്ലുമ്പോള്‍ സഭാമണ്ഡപത്തില്‍ ഉപവിഷ്ടരായിരുന്ന രാജകുമാരന്മാര്‍ ആദരവോടെ എഴുന്നേറ്റു നിന്ന് അയാളെ വന്ദിച്ചു.അത് സുയോധനനെ അതിശയിപ്പിക്കാതിരുന്നില്ല .തന്റെ ഖ്യാതി ഇത്രത്തോളം സമ്പന്നമാണല്ലോ എന്നയാള്‍ അഭിമാനത്തോടെ ഓര്‍ത്തു.അപ്പോള്‍ കര്‍ണ്ണന്‍ അയാളോട് പറഞ്ഞു:

നോക്ക് സുയോധനാ.രാജകുമാരി നിനക്കുള്ളതാണെന്ന് ഉറപ്പിച്ചിരിക്കുന്നു ഇവര്‍ .

സ്വയംവരത്തിനുള്ള സമയമടുത്തു.മംഗള കാഹളം മുഴങ്ങി.രാജകുമാരന്മാര്‍ ആകാംക്ഷാഭരിതരായി വിവാഹ മണ്ഡപത്തിലേക്ക് ഉറ്റുനോക്കിയിരിക്കെ,തിരശ്ശീല വകഞ്ഞുമാറ്റിക്കൊണ്ട് ആദ്യം കാശി മഹാരാജാവ് പ്രത്യക്ഷനായി.സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു.എല്ലാവരെയും നോക്കി പുഞ്ചി രിച്ചുകൊണ്ട് അദ്ധേഹം പ്രഖ്യാപിച്ചു:

എന്റെ ഏകമകള്‍ ഭാനുമതിയുടെ വിവാഹത്തിനായി എത്തിചേര്‍ന്നിരിക്കുന്ന പ്രിയമുള്ളവരേ നിങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം.മത്സരങ്ങളോ,പരിക്ഷണങ്ങളോ ഇല്ലാതെയാണ് ഈ മംഗളകര്‍മ്മം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.എന്റെ മകള്‍ ,അവള്‍ക്കിഷ്ടമുള്ള ജിവിത പങ്കാളിയെ നിങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും.വംശ ശുദ്ധിയോ,സമ്പത്തോ ഒന്നും ഞങ്ങള്‍ പരിഗണിക്കുന്നതല്ല.പൌരുഷമാണ്,പുരുഷത്വം ആണ് പ്രധാനം.നിങ്ങള്‍ക്കായി ഞാന്‍ എന്റെ മകളെ ക്ഷണിക്കുകയാണ്.

രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അല്‍പ്പ സമയത്തിനകം തന്നെ,ദീപയഷ്ടികളാല്‍ താലവൃന്ദ മൊരുക്കി കന്യകമാര്‍ സഭാ മണ്ഡപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ക്ക് പിറകില്‍ നമ്രശിരസ്കയാ യി,മുടുപടമണിഞ്,സര്‍വാഭരണവിഭുഷിതയായി,രാജകന്യ ഭാനുമതി വേദിയിലേക്കെത്തി.അവളുടെ അഭൌമമായ സൌന്ദര്യവും സുഗന്ധവും സദസ്സിനെ പരിപൂര്‍ണ്ണ നിശബ്ദമാക്കി.അപ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രഘോഷണം മുഴങ്ങി.

സുയോധന നാമം കേട്ടതോടെ,അതുവരെ നമ്രശിരസ്കയായി നിന്നിരുന്ന അവള്‍ മെല്ലെ ശിരസ്സുയര്‍ത്തി അയാളെ നോക്കി.ഏതോ വെളിച്ചം അവളുടെ കണ്ണില്‍ നിന്നും തന്നിലേക്ക് പ്രവഹിക്കുന്നതായി അയാള്‍ക്ക്‌ തോന്നി.അജ്ഞാതമായ ഒരു വികാരത്തിന്റെ സ്പന്ദനം അയാളെ കോരിത്തരിപ്പിച്ചു.അയാള്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കിയിരുന്നു.അതിനെല്ലാം സാക്ഷ്യംവഹിച്ചുകൊണ്ടു കര്‍ണ്ണനും സുയോധനന് അരികില്‍ത്തന്നെയിരുന്നു!

പരിചയപ്പെടുത്തലുകള്‍ അവസാനിച്ചപ്പോള്‍ ഇഷ്ടവരനെ തിരഞ്ഞെടുക്കുവാനുള്ള മുഹുര്‍ത്തം അറിയിച്ചുക്കൊണ്ട് ശoഖൊലി മുഴങ്ങി.പൂനുല്‍ധാരികള്‍ ഹോമകുണ്ഡത്തില്‍ അഗ്നിപ്രവേശം നടത്തി.മംഗള ധ്വനികളുടെ അകമ്പടിയോടെ നമ്രമുഖിയായ ഭാനുമതി പതുക്കെ സഭാമണ്ഡലം വിട്ട്‌ താഴേക്കിറങ്ങി.പ്രതിശ്രുത വരന്മാര്‍ എഴുന്നേറ്റുനിന്നു.അവര്‍ക്കുമുന്നിലുടെ,വിവാഹ മാല്യവുമായി ഭാനുമതി മെല്ലെ നടന്നു.സുയോധനന്റെ മുന്‍പില്‍ വന്നതും അവള്‍ നിന്നു .തന്റെ കൈയ്യിലെ പുമാല മെല്ലെ അയാളുടെ ശിരസ്സില്‍ ചാര്‍ത്തി.അതോടെ വാദ്യഘോഷാദികള്‍ ഉച്ചത്തിലായി.

ഉടന്‍ തന്നെ,നിറഞ്ഞ പുഞ്ചിരിയുമായി കാശിരാജന്‍ അവിടേക്ക് നടന്നു വന്നു.അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു മണ്ഡപത്തിലേക്ക് ആനയിച്ചു.ആചാരപ്രകാരം സുയോധനന്‍ താലിചാര്‍ത്തി.കാണികള്‍ പുഷ്പാര്‍ച്ചനയോടെ അവരെ ആശിര്‍വദിച്ചു.

വിരുന്നുസല്കാരത്തിനു ശേഷം പത്നീ സമേതനായി മടക്കയാത്ര ആരംഭിച്ചു.അവരെയും വഹിച്ചുകൊണ്ട് രഥം മുന്നോട്ടു നീങ്ങി.പുറകിലെ തേരില്‍ കര്‍ണ്ണന്‍ കരേറി.  

൦൦൦











No comments:

Post a Comment