Saturday, November 23, 2013

അദ്ധ്യായം-32,കാമനയുടെ ഉയിര്‍പ്പുകള്‍

ലക്ഷ്മണകുമാരന്റെ സാന്നിധ്യം ഹസ്തിനപുരം കൊട്ടാരവാസികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലപ്പോഴും താളം തെറ്റിച്ചു.അവന്റെ കളിയും ചിരിയും കരച്ചിലും എല്ലാവരെയും സ്വാധിനിച്ചു.ഉറങ്ങാന്‍ പട്ടുമെത്തയും ആട്ടുതൊട്ടിലും ഒക്കെ ഉണ്ടെങ്കിലും കുഞ്ഞിന് അതില്‍ ശയിക്കാന്‍ നേരമില്ല!ദുസ്സാസനന്‍ മുതല്‍ക്കുള്ള സഹോദരങ്ങള്‍ അവനെ ഏറ്റിക്കൊണ്ട് നടക്കും.അവന്റെ ദുസ്സാട്യങ്ങലെല്ലാം നിവര്‍ത്തിച്ചു കൊടുക്കാന്‍ അവര്‍ തമ്മില്‍ മത്സരമാണ്‌!സ്തനപീയുഷ പാനത്തിന് മാത്രമാണ് ഭാനുമതിക്ക് അവനെ ലഭിക്കാറ്‌!

സുയോധനന്റെ ജീവിതം ഈ വിധം സന്തോഷകരമായി മുന്നേറി.രാജ്യകാര്യങ്ങള്‍ എല്ലാം വേഗം തീര്‍ത്ത് അയാള്‍ കുഞ്ഞിന്റെയടുത്തു ഓടിയെത്തും.അപ്പോളൊക്കെ അവന്‍ ഏതെങ്കിലും അനുജന്മാരുടെ തോളിലോ,ദുസ്സളയുടെ മടിയിലോ ഒക്കെ ആയിരിക്കും!അയാളെ കാണുന്നതും അവന്‍ അതിവേഗം ആ കൈകളിലേക്ക് കുതിക്കും.അത് അയാളുടെ ഉള്ളം കുളിര്‍പ്പിക്കും.

ഒരു ദിവസം സഭാമണ്ഡപത്തില്‍ വച്ച് കര്‍ണ്ണനും മറ്റുമായി ചില രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അപ്പോള്‍ ഒരു ദാസന്‍ പെട്ടെന്ന് വന്നുകൊണ്ട്‌ ഭാനുമതി അന്വേഷിക്കുന്നതായി പറഞ്ഞു.എന്താണെന്ന് ചോദിക്കാന്‍ നിക്കാതെ അയാള്‍ അന്തപ്പുരത്തിലേക്ക് പാഞ്ഞു.പുറകെ കര്‍ണ്ണനും.

അകത്ത്‌ ഓടിയെത്തിയ അവര്‍ കണ്ടത് കൌതുകകരമായ ഒന്നായിരുന്നു.നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയില്‍ കുഞ്ഞ്‌ എഴുന്നേറ്റു നില്‍ക്കുന്നു!അനുജന്മാരില്‍ ഏറിയ പേരും അവനു ചുറ്റും ഉണ്ടായിരുന്നു.സുയോധനനെ കണ്ടതും കുട്ടി ആഹ്ലാദ ഭരിതനായി കൈ നീട്ടി അണയാന്‍ ശ്രമിച്ചു.പക്ഷെ പൊടുന്നനെ നിലത്തേക്കു വീണു.സുയോധനനോട് ഭാനുമതി പറഞ്ഞു:

ഉണ്ണി ആദ്യമായി എഴുന്നേറ്റത് നേരില്‍ കാണാന്‍ വിളിപ്പിച്ചതാണ്.

അതുകേട്ട് സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ ഭാനുമതി അതീവ സന്തോഷത്തോടെതുടര്‍ന്നു.

അനുജന്‍ ദുസ്സസനനാണ് ഇത് ഒപ്പിച്ചത്.നില്‍ക്കുമോ എന്നറിയാല്‍ നിര്‍ബന്ധമായും കുട്ടിയെ നിര്‍ത്തിച്ചു.

സഭാമണ്ഡലത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

താങ്കള്‍ ഭാഗ്യവാനാണ്.

അപ്പോള്‍ കര്‍ണ്ണന്റെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ പ്രതികരിച്ചു:

ഇതാണ്,കര്‍ണ്ണാ എന്റെ ഏറ്റവും വലിയ ശക്തി.അനുജന്മാരുടെ സ്നേഹവും പിന്തുണയും.കുടുംബത്തിലെ സന്തോഷവും.

ലക്ഷ്മണന്റെ ഒന്നാം പിറന്നാള്‍ സമുചിതമായാണ് ആഘോഷിച്ചത്.ഇതിനും പാണ്ഡവരെ ക്ഷണിച്ചിരുന്നു.എന്നാല്‍ തലേന്ന് ധര്‍മ്മപുത്രന്‍ മാത്രം വന്ന്‌ ഒന്ന് തലകാണിച്ചിട്ടു പോയി!മറ്റാരും വന്നില്ല.എല്ലാവര്‍ക്കും പലതരത്തിലുള്ള തിരക്കുകള്‍ ഉണ്ടത്രേ!പക്ഷെ ഇത്തവണ പാണ്ഡവരുടെ അസാന്നിധ്യം അയാളെ അലോസരപ്പെടുത്തിയില്ല.

കര്‍ണ്ണന്‍ പറഞ്ഞു:

അത് നല്ലതാണ്.എന്നാലും അവരെ പുര്‍ണ്ണമായും വിശ്വസിച്ചുകുടാ.

കര്‍ണ്ണന്റേതു പാഴ്വാക്കുകള്‍ അല്ലെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നുവെങ്കിലും അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

വൈകുന്നെരത്തോടെ,പിറന്നാളിന് എത്തിയവരില്‍ ഏറെയും മടങ്ങിപ്പോയി.കാശിരാജന്‍ വളരെ വൈകിയാണ് പോയത്.

ശയ്യാഗൃഹത്തില്‍ എത്തുമ്പോള്‍ മെത്തയില്‍ ലക്ഷ്മണന്‍ നല്ല ഉറക്കത്തിലായിരുന്നു.അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഭാനുമതിയോട് ചേര്‍ന്ന് കിടന്നു.അവള്‍ തിരിഞ്ഞു കിടന്ന് അയാളെ പുണര്‍ന്നു.അപ്പോള്‍ അയാള്‍ അവളുടെ കാതില്‍ മെല്ലെ മൊഴിഞ്ഞു:

 ഉണ്ണിക്ക്‌ ഇന്ന് ഒന്ന്  തികഞ്ഞു

അതിന് ?

അവള്‍ കുസൃതിയോടെ ചോദിച്ചു.അയാള്‍ മറുപടിയൊന്നും പറയാതെ അവളുടെ കാതില്‍ മെല്ലെ കടിച്ചു.അവള്‍ ഹര്‍ഷപുളകിതയായി.ആ കാതുകള്‍ അവളിലെ കാമനയുടെ ഉറവിടമാണെന്ന് അയാള്‍ക്ക്‌ നന്നായി അറിയാം.
൦൦൦
.
No comments:

Post a Comment