Friday, November 29, 2013

അദ്ധ്യായം-37,ആ ശാപം ഫലിക്കുമോ?

ധൃതരാഷ്ട്രരോട് പിണങ്ങി,പാണ്ഡവരെ അനുഗമിച്ച്‌,വനവാസത്തിനു പോയ വിദുരര്‍ ഉപാധികള്‍ ഇല്ലാതെ മടങ്ങിവന്നുവെന്ന വാര്‍ത്ത സുയോധനനെ തെല്ല് അലോസരപ്പെടുത്താതെ ഇരുന്നില്ല.മറ്റുള്ളവരെപ്പോലെയല്ല അദ്ദേഹം.സ്നേഹം നടിച്ച്,അധികാരം ഭാവിച്ച്,എപ്പോഴും പക്ഷപാതത്തോടെയെ പെരുമാറു.അത് ചുണ്ടിക്കാണിച്ചതിനാണ് മഹാരാജാവിനോട്‌ പിണങ്ങി അദ്ദേഹം പാണ്ഡവര്‍ക്കൊപ്പം പോയത്!സ്വാത്തിക ഭാവം പൂണ്ട്.പാണ്ഡവ പക്ഷപാതിയായി കൊട്ടാരത്തില്‍ കഴിഞ്ഞുകൂടുന്ന അദ്ദേഹത്തെ അനുനയിപ്പിക്കുക സാധ്യമല്ല.അച്ഛനാണെങ്കില്‍ എല്ലാം അറിയാം. പക്ഷെ ഒന്നും പ്രതികരിക്കില്ല!ആ സാഹോദര്യത്തെ അകറ്റിനിര്‍ത്താന്‍ അദേഹത്തിന് സാധ്യമല്ല.അതിനാലാണ് ആളയച്ച് അച്ഛന്‍ വിദുരരേ തിരിച്ചു വിളിപ്പിച്ചത്.കുന്തിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മക്കള്‍ തിരിച്ചയച്ചതാണെന്നും ഒരു ശ്രുതി പരക്കുന്നുണ്ട്!

വിദുരര്‍ എത്തിച്ചേര്‍ന്നതറിഞ്ഞു കൊട്ടാരംനിവാസികള്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.സുയോധനനും അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുഖം കാണിക്കാന്‍ ചെന്നു.അപ്പോള്‍ ആ സദസ്സില്‍ വ്യാസനും മൈത്രേയമുനിയും ഉണ്ടായിരുന്നു.വ്യാസനെ അയാള്‍ നമസ്ക്കരിച്ചു.അയാളെ പിടിച്ചുയര്‍ത്തി വാത്സല്യപൂര്‍വം ആസ്ലെഷിച്ചുകൊണ്ട് വ്യാസന്‍ പറഞ്ഞു:

മഹാബാഹൂ,സുഖം തന്നെയല്ലേ?പാണ്ഡവര്‍ പോയത് ഞാന്‍ അറിഞ്ഞു.എനിക്കത് ഇഷ്ടമായില്ല.

ആ പ്രതികരണം സുയോധനനെ അത്ഭുതപ്പെടുത്തിയില്ല.ലോകം ആദരിക്കുന്ന മഹാന്‍.വേദം പകുത്ത പണ്ഡിതന്‍.കാമാര്‍ഥക്രോധമോഹങ്ങള്‍ക്ക് ഒരിക്കലും അടിപ്പെടാത്ത യതിവര്യന്‍.വിദുരര്‍ക്കും ദ്രോണര്‍ക്കും ഒരു പക്ഷെ,ഭീഷ്മര്‍ക്ക് പോലുമുള്ള ബലഹീനതകള്‍ ഏശാ ത്ത മഹാ തേജസ്സി.അദ്ദേഹത്തെ താണ് വണങ്ങിക്കൊണ്ട് സുയോധനന്‍ചോദിച്ചു:

മഹാചാര്യ,ഇവിടെ നടക്കുന്നതും നടന്നതുമായ കാര്യങ്ങള്‍ അങ്ങയെപ്പോലെ അറിഞ്ഞിട്ടുള്ളവര്‍ വേറെ ആരുണ്ട്?ഒരു രാജാവിന്റെ ധര്‍മ്മമല്ലേ ഞാന്‍ പാലിച്ചത്?എലികള്‍ തങ്ങളുടെ മടയില്‍ പൂ ച്ചകളെ പോറ്റിവളര്‍ത്തുമോ?

അത് കേട്ട് വ്യാസന്‍ ഒന്ന് പുഞ്ചിരിച്ചു.അദ്ദേഹം സുയോധനനെ തഴുകിക്കൊണ്ട് പറഞ്ഞു:

എന്തായാലും സ്വജനങ്ങളുമായുള്ള വൈരം നന്നല്ല.നീ അവരുമായി ഐക്യപ്പെടുന്നില്ലെങ്ങില്‍ കരുതിയിരിക്കണം.

അതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന വിദുരര്‍ അപ്പോള്‍ ഒട്ടൊരു ക്രൌര്യത്തോടെ വ്യാസനോടായി പറഞ്ഞു:

ദുര്‍ബുദ്ധിയായ ഇവന് ഇത്തരം ഉപദേശങ്ങള്‍ ഒന്നും എല്ക്കുകയില്ല.ചതിയും വഞ്ചനയുമാണ് ഇവന്റെ ദൈവങ്ങള്‍ .

വിദുരര്‍ സുയോധനനെ ഒന്ന് പാളിനോക്കിക്കൊണ്ട് തുടര്‍ന്നു:

സത്യത്തില്‍ ഇവന്റെ പ്രവര്‍ത്തികളെ സാധൂകരിക്കുന്ന മഹാരാജനെയാണ് അങ്ങ് നേര്‍വഴി നടത്തേണ്ടത്.

അതുകേട്ടു ധൃതരാഷ്ട്രര്‍ പറഞ്ഞു:

മഹാരഥന്‍മാരേ,എന്റെ താത്പര്യം കൊണ്ടല്ല ചൂത് ഉണ്ടായത്.വിധി എന്നെക്കൊണ്ട് അത് ചെയ്യിച്ചതാണ്.പുത്രസ്നേഹം ഉപേക്ഷിക്കാന്‍ ആകുമോ?മക്കളില്ലാത്ത വിദുരര്‍ക്ക് അത് മനസിലാവില്ല.

വിദുരര്‍ അതിന് മറുപടി പറയാന്‍ തുനിഞ്ഞെങ്ങിലും വ്യാസന്‍ തടഞ്ഞുകൊണ്ട് ധൃതരാഷ്ട്രരോട് പറഞ്ഞു:

വൈചിത്ര്യവീര്യ രാജാവേ,അങ്ങ് പറഞ്ഞത് വാസ്തവമാണ്.പുത്രന്‍ ശ്രേഷ്ടനാണ്.എന്നാല്‍ എനിക്ക് നിന്റെ മക്കളും പാണ്ടുവിന്റെ മക്കളും ഭേദമില്ല.എല്ലാവരുടെയും സുഖം ഞാന്‍ ആഗ്രഹിക്കുന്നു.

അപ്പോള്‍ സദസ്സില്‍ അതുവരെ നിശബ്ധനായിരുന്ന മൈത്രേയമുനി പറഞ്ഞു:

ദുര്യോധനാ,പിതാമഹര്‍ ഇഛീക്കുന്നത്‌ ഒന്ന് മാത്രമാണ്.നീ പാണ്ഡവരോട് മാപ്പ് പറയണം.അനര്‍ഹമായി സമ്പാദിച്ചതെല്ലാം തിരിച്ചു കൊടുത്ത്,അവരെ മടക്കിക്കൊണ്ടുവരണ൦.

സുയോധനന്‍ പറഞ്ഞു:

അത്  സാധ്യമല്ല മഹാമുനേ,പാണ്ഡവര്‍ അവരുടെ വാക്ക് ലംഘിക്കുകയില്ല,ഞാനും.

സുയോധനന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മഹര്‍ഷിക്കായില്ല.അദ്ദേഹം പറഞ്ഞു:

ദുര്യോധന,ഞാന്‍ പറയുന്നത് നീ കേള്‍ക്കുക.പാണ്ഡവരെ  ദ്രോഹിക്കുന്നത് നന്നല്ല.ഹിതകരമായി നീ പെരുമാറുക.എന്റെ വാക്കുകള്‍ അനുസരിക്കുന്നതാവും നിനക്ക് നല്ലത്.

മുനിയുടെ ഉപദേശം സുയോധനനെ കൊപാന്ധനാക്കി.അയാള്‍ പോട്ടിത്തെറിക്കാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട്‌ അയാള്‍ മുഖം താഴ്ത്തി,തുടയില്‍ വിരലുകള്‍ കൊണ്ട് താളം പിടിച്ചു,കാലുകൊണ്ട് മണ്ണില്‍ വരച്ച്‌,നിശബ്ധനായി നിന്നു.സുയോധനന്റെ ആ ഭാവം മുനിയെ ദേഷ്യം പിടിപ്പിച്ചു.അദേഹം കൈയുയര്‍ത്തിക്കൊണ്ട് സുയോധനനെ ശപിച്ചു:

എടാ ദുര്യോധനാ,ദുര്‍ബുദ്ധെ, നീ മിണ്ടാതെ നിന്ന് എന്നെ അനാദരിക്കുന്നു.ഈ ദുരഭിമാനത്തിനു തക്ക ഫലം നീ അനുഭവിക്കും.നീ എന്നെ കാട്ടിയ തുട ഭീമന്‍ ഗദ കൊണ്ട് തല്ലിപ്പൊളിക്കും.ഇത് സത്യം.

മൈത്രേയ ശാപം സഭയെ ഞെട്ടിച്ചു!വ്യാസനും വിദുരരും നീശബ്ധരായി നിന്നു.അപ്പോള്‍ ധൃതരാഷ്ട്രര്‍ വിഷമത്തോടെ മുനിയോട് ശാപ മോചനത്തിനായി അപേക്ഷിച്ചു.മൈത്രേയന്‍ പറഞ്ഞു:

എന്റെ ശാപംഫലിക്കാതിരിക്കില്ല.അല്ലെങ്ങില്‍ ഇവന്‍ പാണ്ഡവരുമായി ശമം സ്വീകരിക്കട്ടെ

മഹാരാജാവ് പിന്നെയും മുനിയോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു.അതുകണ്ട് സുയോധനന്‍ അച്ഛനോട് പറഞ്ഞു:

മഹാരാജാവേ,അങ്ങ് ഇതുപോലെ യാചിക്കരുത്.ശാപവചസ്സുകളെ അങ്ങയുടെ പുത്രന് ഭയമില്ല,പ്രത്യേകിച്ചും പക്ഷപാതപരമായ ബ്രാഹ്മണ ശാപങ്ങളെ

അത്രയും പറഞ്ഞ്,ഉറച്ച കാല്‍വയ്പ്പുകളോടെ അയാള്‍ സഭവിട്ടുപോയി.

൦൦൦

No comments:

Post a Comment