Saturday, February 15, 2014

അദ്ധ്യായം-66,ഒന്നുകില്‍ വിജയം അല്ലെങ്കില്‍ ...........കര്‍ണ്ണവധം കൌരവ പക്ഷത്തെ ആകെ ഹതാശമാക്കിയെന്നു പറയാം.രാത്രി തന്റെ മുറിയല്‍ തനിച്ചിരിക്കുന്ന സുയോധനനെ കാണുവാന്‍ കൃപര്‍ ചെന്നു.അദ്ദേഹം ദുഖിതനായിരിക്കുന്ന സുയോധനനോട്‌ പറഞ്ഞു:

 ഇരുളില്‍ ദീപമെന്നവിധം ജ്വലിച്ചുനിന്ന കര്‍ണ്ണനും യാത്രയായി.നിനക്ക് ഓരോ ദിവസവും പ്രിയപ്പെട്ടതോരോന്നും നഷ്ടമായിക്കൊണ്ടിരിക്കുന്നു.കടലില്‍ കാറ്റേറ്റ് മറിഞ്ഞ കപ്പല്‍പോലെ നിന്റെ സൈന്യവും ശിഥിലമായിക്കൊണ്ടിരിക്കുന്നു.ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നു.

സുയോധനന്‍ ഒന്നും പറയാതെ ആചാര്യന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു.കൃപര്‍ തുടര്‍ന്നു:

നമ്മള്‍ ഇപ്പോള്‍ പാണ്ഡവരേക്കാള്‍ ശക്തികുറഞ്ഞവരായിരിക്കുന്നു.അതിനാല്‍ അവരുമായി സന്ധി ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

അപ്പോള്‍ അക്ഷോഭ്യനായി സുയോധനന്‍ പറഞ്ഞു:

ആചാര്യ,അങ്ങ് പറയേണ്ടതുപോലെ പറയുന്നു.ആഴി ചൂഴുന്ന ഊഴിയെല്ലാം ഭരിച്ച ഞാന്‍ എങ്ങിനെ പാണ്ഡവരുടെ പ്രസാദം കൊണ്ട് നിഷ്കളങ്കമായി വാഴും?സ്നിഗ്ദ്ധവും ഹിതകരവുമായി അങ്ങ് പറഞ്ഞ വാക്കുകളെ ഞാന്‍ നിന്ദിക്കുകയല്ല.

പിന്നെ സുയോധനന്‍ ജാലകം വഴി അല്‍പ്പനേരം ഇരുളിലേക്ക് നോക്കി നിന്നുകൊണ്ട് തുടര്‍ന്നു:

സുയുദ്ധത്താല്‍ സുനയത്തെ ഞാന്‍ കാണുന്നു.നമുക്ക് പേടിക്കേണ്ട കാലമല്ലിത്‌.പൊരുതേണ്ട കാലമാണ്.ശാശ്വതമായ സുഖം ലോകത്തിലില്ല.പിതൃക്കള്‍ക്കും ക്ഷത്രധര്‍മ്മത്തിനും കടം തീര്‍ത്തവനാണ് ഞാന്‍.ക്ഷത്രിയന്‍ ഗൃഹമെത്തയില്‍ കിടന്നു ചാകുന്നതിനേക്കാള്‍ മോശപ്പെട്ടതായി  മറ്റൊന്നുമില്ലെന്നു അങ്ങേക്ക് അറിയാമല്ലോ?

ഇങ്ങിനെ ചോദിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു.കൃപര്‍ അയാളെ പിന്തുടര്‍ന്നു.ശിബിരത്തിനു പുറത്തു അശ്വത്ഥാമാവിന്റെ നേതൃത്വത്തില്‍ കൌരവ സൈന്യം അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു!മഹാരാജാവിന്റെ തീരുമാനം എന്തെന്ന് അറിയുവാനുള്ള ആകാംക്ഷ ആ മുഖങ്ങളില്‍ ഉണ്ടായിരുന്നു.എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സുയോധനന്‍ പറഞ്ഞു:

എനിക്ക് വേണ്ടി യത്നിച്ചു മരിച്ചവരെയും ഭൂമിയില്‍ കിടക്കുന്നവരെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ആദ്യമേ പറയട്ടെ,നാം യുദ്ധം അവസാനിപ്പിക്കുന്നില്ല.വയസ്സ്യന്മാരും സോദരന്മാരും പിതാമാഹാന്മാരും എനിക്കായി ജീവത്യാഗം ചെയ്തു.ഇനി ഞാന്‍ എന്റെ ജീവനെ കാത്തു മാപ്പിരക്കുന്നത് എത്ര നിന്ദ്യമാണ്!യുദ്ധം തുടര്‍ന്ന് കൊണ്ട് ഒന്നുകില്‍ ഞാന്‍ വിജയം വരിക്കും.അല്ലെങ്കില്‍ ....

സുയോധനന്‍ അത് മുഴുമിക്കും മുന്‍പേ പടയാളികള്‍ കരഘോഷം മുഴക്കി.തോല്‍വിയെപ്പറ്റി അചഞ്ചലനാവാത്ത അയാള്‍ക്ക്‌ അവര്‍ വിജയാശംസകള്‍  നേര്‍ന്നു.അവര്‍ അയാള്‍ക്ക്‌ മുന്‍പില്‍ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.അപ്പോള്‍ കൂട്ടത്തില്‍ നിന്നും അശ്വത്ഥാമാവ് മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു:

കുലം,ശ്രീ,തേജസ്,വീര്യം എന്നിവയെല്ലാം ചേര്‍ന്ന ശല്യര്‍ സേനാധിപതി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ദ്രൌണി ഇങ്ങിനെ പറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ വീണ്ടും കരഘോഷം മുഴക്കി.അപ്പോള്‍ അല്‍പ്പം അകലെയായി,തേര്‍ത്തട്ടില്‍ തന്നെ മാറിയിരിക്കുന്ന ശല്യരേ സുയോധനന്‍ നോക്കി.അദ്ദേഹം മുന്നോട്ടുവന്നുകൊണ്ട് പറഞ്ഞു:

നിങ്ങളുടെ അഭീഷ്ടപ്രകാരം നടക്കട്ടെ.എനിക്കാവും വിധം ഞാന്‍ നോക്കാം.എന്റെ ജീവനും സ്വത്തുക്കളും ഇന്ന്മുതല്‍ നിങ്ങള്‍ക്ക് അധീനമായിരിക്കും.

അനന്തരം അയാള്‍ എല്ലാവരെയും താണുവണങ്ങി.സുയോധനന്‍ അദ്ദേഹത്തെ സേനാധിപനായി അഭിഷേകം ചെയ്തു.

൦൦൦

No comments:

Post a Comment