Sunday, January 5, 2014

അദ്ധ്യായം-44,പശുക്കളെ തേടി

സുശര്‍മ്മാവ്‌ പലവട്ടം വിരാടനാല്‍ അപഹാസിതനായതാണ്.അതുകൊണ്ട് കൌരവരുമായുള്ള സഖ്യം അദേഹത്തിന് വലിയൊരു ആശ്വാസമായിരുന്നു.തന്റെ നഷ്ട്ടപ്പെട്ട ധനവും ഭൂമിയും തിരിച്ചെടുക്കാന്‍ കിട്ടിയ നല്ല ഒരവസരം.അയാളുടെ മനസ്സ് വായിച്ചറിഞ്ഞ സുയോധനന്‍ കര്‍ണ്ണനോടും അനുജന്മാരോടുമായി പറഞ്ഞു:

സുശര്‍മ്മാവ്‌ കരുതുംപോലെ പ്രവര്‍ത്തിച്ചു കൊള്ളട്ടെ.അയാള്‍ക്ക്‌ പിന്‍പേ നമ്മള്‍ പിറ്റേന്ന് ചെന്നാല്‍ മതിയാവും.കാരണം ആദ്യ ദിനം സപ്തമിയാണ്.പിറ്റേന്നാണ് അഷ്ടമി.പാണ്ഡവരുടെ അജ്ഞാതവാസം അവസാനിക്കുന്ന ദിവസം.

മുന്‍നിശ്ചയപ്രകാരം യുദ്ധ സന്നാഹത്തോടെ സുശര്‍മ്മസേന മത്സ്യരാജ്യത്ത് പ്രവേശിച്ചു.അയാള്‍ ലക്‌ഷ്യം വച്ചത് ഗോധനം ആയിരുന്നു!ആ തൃഗര്‍ത്താക്രമണത്തെ തോല്‍പ്പിക്കാന്‍ വിരാട സൈന്യത്തിന് ആയില്ല.അതറിഞ്ഞപ്പോള്‍ സുയോധനന്‍ പറഞ്ഞു:

 ഉള്ളിലുള്ള എല്ലാ വൈരത്തോടെയും ശത്രുവിനെതിരെ പോരാടുമ്പോള്‍ ഏതൊരാളും ഏറെ ശക്തനാവും.പക്ഷെ അത് അധികം നീണ്ടുനില്‍ക്കണമെന്നില്ല.

സുയോധനന്റെ വാക്കുകള്‍ അന്വര്‍ത്ഥമാവും വിധമാണ് പിന്നീട്‌ സംഭവിച്ചത്.സുശര്‍മ്മാവിനെ കുശിനിക്കാരനായ ഒരാള്‍ ബന്ധിച്ചുവെന്നും വിരാടന്‍ മന്ത്രിയുടെ അഭിപ്രായം മാനിച്ച് രാജാവിനെ വിട്ടയക്കുകയും ചെയ്തിരിക്കുന്നു!ആ വാര്‍ത്ത എത്തിയ ഉടന്‍ സുയോധനന്‍ പറഞ്ഞു:

കര്‍ണ്ണാ,നമുക്കുള്ള സമയം അടുത്തിരിക്കുന്നു.സുശര്മ്മനെ കീഴ്പ്പെടുത്തിയത് ഭീമനും വിട്ടയക്കാന്‍ ഉപദേശിച്ചത് ധര്‍മ്മപുത്രരും അല്ലാതെ മറ്റാരുമാവില്ല.അതുകൊണ്ട് നാം പട കൂട്ടുക തന്നെ.

പിറ്റേന്ന് സുയോധന സൈന്യം മത്സ്യ രാജ്യത്തേക്ക് കുതിച്ചു.ഭീഷ്മര്‍,ദ്രോണര്‍,കര്‍ണ്ണന്‍,കൃപര്‍,ദ്രൌണി തുടങ്ങിയ എല്ലാവരും ചേര്‍ന്ന് ,ആളപായം വരുത്താതെ തന്നെ ഗോഗ്രഹണം നടത്തി.മടങ്ങും നേരം കര്‍ണ്ണനോട് സുയോധനന്‍ പറഞ്ഞു:

പാണ്ഡവര്‍ ഇവിടെ ഉണ്ടെങ്കില്‍ തീര്ച്ചയായും ഇങ്ങെത്തും.

സുയോധനന്റെ വാക്കുകള്‍ അവസാനിക്കും മുന്‍പേ തന്നെ അകലെ രഥഘോഷം മുഴങ്ങി.അര്‍ജുനന്റെ ധ്വജാഗ്രം തിരിച്ചറിഞ്ഞ സുയോധനന്‍ ഉച്ചത്തില്‍ എല്ലാവരോടുമായി പറഞ്ഞു:

അതാ പെണ്‍വേഷ ധാരിയായ അര്‍ജുനന്‍ വരുന്നു.പാണ്ഡവര്‍ കരാര്‍ലംഘിച്ചിരിക്കുന്നു!

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

ജോതിര്‍ഗണിത പ്രകാരം പാണ്ഡവരുടെ പ്രതിജ്ഞകാലം അവസാനിച്ചു.അല്ലെങ്ങില്‍ അവര്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുകയില്ല.മറിച്ചെങ്കില്‍ അവര്‍ പരാഭവം പ്രാപിക്കണം.എന്തായാലും ആ പടയെ നാം എതിര്‍ക്കുക.

ഭീഷ്മര്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയിറങ്ങി,സുയോധന സമീപമെത്തിക്കൊണ്ട് പറഞ്ഞു:

നീ സൈന്യത്തെ പകുത്ത്‌,ഗോക്കളുമായി പൊയ്ക്കൊള്ളുക.പാര്‍ഥനെ ഞങ്ങള്‍ എതിരിട്ടു കൊള്ളാം.

ഭീഷ്മ്മാഞ സുയോധനന്‍ പാലിച്ചു.അപ്പോള്‍ ഭീഷ്മര്‍ ഉറക്കെ മറ്റുള്ളവരോടായി പറഞ്ഞു:

നടുക്ക് ദ്രോണര്‍ നില്‍ക്കട്ടെ.ഇടതു ഭാഗത്ത് അശ്വത്ഥാമാവ്‌ ഉണ്ടാവണം.വലത്ത് കൃപര്‍ നിലയുറപ്പിക്കുക.കവചധാരിയായ കര്‍ണ്ണന്‍ മുന്‍പില്‍ നില്‍ക്കട്ടെ.എല്ലാവര്‍ക്കും പിന്നിലായി ഞാന്‍ ഉണ്ടാകും.

സുയോധനന്‍ പാതി സൈന്യവും ഗോക്കളുമായി ഹസ്തിനപുരത്തേക്ക് തിരിക്കാന്‍ ഒരുമ്പെട്ടു.എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചുകൊണ്ട് അര്‍ജുന വ്യുഹം പാഞ്ഞെത്തി.വിരാട പുത്രനായ ഉത്തരന്റെ തേരില്‍,പെണ്‍വേഷവുമായി നില്ല്‍ക്കുന്ന അര്‍ജുനനെക്കണ്ട് സുയോധനന് ചിരിവന്നു.അര്‍ജുനന്‍ അത് കണ്ടു.അര്‍ജുനന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.അയാളുടെ വേഗം കണ്ട് സുയോധന സൈന്യം സ്തംഭിച്ചുപോയി!



അര്‍ജുനന്റെ മുന്നേറ്റത്തെ അധികനേരം തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും ആയില്ല.ഏവരും ആയുധം മടക്കുന്നത് കണ്ട് അര്‍ജുനന്‍ പരിഹാസത്തോടെ ചോദിച്ചു:

എന്തെ എല്ലാവരും പിന്‍വാങ്ങുന്നു?

അപ്പോള്‍ ഭീഷ്മര്‍ അര്‍ജുനനോടു പറഞ്ഞു:

പാര്‍ഥ,നീ പശുക്കളെയും ജയിച്ചു തിരിച്ചു പോവുക.മോഹം കൊണ്ട് അര്‍ഥനാശം വരുത്തേണ്ട.ദുര്യോധന നീയും മടങ്ങുക.

ഭീഷ്മരുടെ വാക്കുകളെ തുടര്‍ന്ന് അവര്‍ ഇരു ഭാഗത്തെക്കായി പിരിഞ്ഞു.

൦൦൦

No comments:

Post a Comment