Thursday, January 23, 2014

അദ്ധ്യായം-55,ഒന്നിനും മടിക്കാതെ

അനുജന്മാര്‍ നഷ്ട്ടപ്പെട്ട വേദനയില്‍ സുയോധനന് രാത്രിയില്‍ ഉറങ്ങാനായില്ല.എന്നാല്‍ അയാളുടെ വ്യെസനം കണക്കിലെടുക്കാതെ പിറ്റേന്ന് സുര്യന്‍ ഉദിച്ചുയര്‍ന്നു!യുദ്ധം അഞ്ചാമത്തെ ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.സന്താപത്തിനു യുദ്ധരംഗത്ത് പ്രാധാന്യമില്ല.അതിനാല്‍ അയാള്‍ കൂടുതല്‍ വാശിയോടെ കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

കൌരവപ്പട മകരവ്യുഹം ആയിരുന്നു.ശ്വേനവ്യൂഹവുമായാണ് പാണ്ഡവര്‍ എത്തിയത്.അതിന്റെ നേതൃത്വം ഭീമനാണ്.അയാളുടെ ബലധ്വംസം കണ്ടും തന്റെ അനുജന്മാരുടെ വധമോര്‍ത്തും സുയോധനന്‍ കോപം പൂണ്ടു.പകകൊണ്ട് അയാള്‍ വിറച്ചു.ആചാര്യനായ ദ്രോണരോട് അയാള്‍ പറഞ്ഞു:

അങ്ങ് ഒന്നിനും മടിച്ചു നില്‍ക്കരുത്.

ദ്രോണര്‍ മറുപടിയൊന്നും പറയാതെ വില്ലുകുലച്ചു.ആ ശരവര്‍ഷത്തില്‍ പാണ്ഡവപ്പട സംഭ്രമിച്ചു.

അപ്പോഴാണ്‌ മേഘധ്വനിയോടു കൂടിയ ചാപവും വഹിച്ചുകൊണ്ട് ശിഖണ്ഡി ,പാണ്ഡവപ്പടയില്‍ നിന്നും ഭീക്ഷ്മര്‍ക്ക് നേരെ കുതിച്ചെത്തിയത്.അയാള്‍ മുന്നില്‍ വന്നതോടെ ഭീക്ഷ്മര്‍ പിന്തിരിയാന്‍ ശ്രമിച്ചു.ഒന്നുകില്‍ പുരുഷനോട് അല്ലെങ്കില്‍ സ്ത്രീയോട് ,അല്ലാതെ രണ്ടും ആയ ഒരാളോട് പിതാമഹന്‍ പോരുതുകയില്ല.അതിനാല്‍ സുയോധനന്‍ ശിഖണ്ഡിക്ക് നേരെ ചെന്നു.പ്രളയാഗ്നിപോലെ പാഞ്ഞുവരുന്ന സുയോധനനെ കണ്ട് ഭയന്നോടിയ ശിഖണ്ഡി സുയോധനനെ ചിരിപ്പിച്ചു.

ഉച്ചയായപ്പോഴേക്കും ഇരുഭാഗത്തും പലരും കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.അതിനിടയില്‍ സുയോധനന്‍ ഭീമനുമായി ഏറ്റുമുട്ടി.സുയോധനന്‍ ഗൃദ്ധ്രപത്ര തീക്ഷ്ണശരങ്ങള്‍ കൊണ്ട് ഭീമനെ എതിരിട്ടു.ഭീമന്‍ അയച്ച അസ്ത്രം സുയോധനന്റെ പടച്ചട്ട രണ്ടായി കീറി!അതോടെ അയാളുടെ വൈരം മൂര്‍ച്ചിച്ചു.കാലനെപ്പോലെ,സുയോധനന്‍ തേര്‍ത്തട്ടില്‍ നിന്നും ഭീമന് നേര്‍ക്ക്‌ ചാടി.ചട്ടയറ്റു,കേശം ചിന്നി,വില്ല് മുറിഞ്ഞ് വാശിയോയോടെ ഭീമനോട്‌ പൊരുതിയ അയാളെ പിന്തിരിപ്പിച്ചത് അശ്വത്ഥാമാവാണ്!

ആറാം നാള്‍ ,പാണ്ഡവര്‍ മകരവ്യൂഹവുമായാണ് രണാങ്കണത്തില്‍ എത്തിയത്.ദ്രോണരുടെ നേതൃത്ത്വത്തില്‍ കൌരവര്‍ മഹാക്രൌഞ്ചം എന്ന വ്യൂഹം തീര്‍ത്തിരുന്നു.യുദ്ധം ആരംഭിച്ചതും ഭീമന്‍ കൌരവര്‍ക്ക് നാശം വിതച്ചുതുടങ്ങി.സുയോധനന്‍ ദ്രൌപതീ പുത്രന്മാരെ എതിരിടുന്നതില്‍ ശ്രദ്ധിച്ചു.

അര്‍ക്കന്‍ സന്ധ്യാരാഗം ചേര്‍ന്ന സമയത്ത് ഭീമന്‍ സുയോധനന് മുന്‍പില്‍ എത്തി!അയാള്‍ തേര്‍ത്തട്ടില്‍ നിന്നുകൊണ്ട് ഊറ്റം കൊണ്ടു:
കേട്ടോളു,ഞാന്‍ വളരെ കാലമായി കാത്തിരിക്കുന്ന നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു.നിന്റെ തെറ്റുകള്‍ക്കെല്ലാം അറുതി വരും ഇന്ന്.

എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഭീമന്‍ ചാപം കുലച്ചു!ഭീമന്റെ അസ്ത്രപ്രയോഗത്തെ അധികനേരം തടഞ്ഞുനിര്‍ത്താന്‍ സുയോധനന് ആയില്ല.രണ്ട് അസ്ത്രങ്ങള്‍ ഒരുമിച്ചു പ്രയോഗിച്ച് ഭീമന്‍ സുയോധനന്റെ വില്ല് തകര്‍ത്തു!രഥവും കുടയും അധികം വൈകാതെ തന്നെ മുറിച്ചിട്ടു.ബോധരഹിതനായി വീണ ഭീമനെ സിന്ധുരാജന്‍ താങ്ങിയെടുത്ത് കൃപരുടെ തേരിലെറ്റി.

സുയോധനന്‍ ബോധം വീണ്ടെടുത്തപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു!ഭീമനെ തന്റെ സഹൊദരീ ഭര്‍ത്താവായ ജയദ്രദന്‍ തളക്കാന്‍ ശ്രമിച്ചതും അതില്‍ പരാജയപ്പെട്ടതും കൂടാരത്തില്‍ വിശ്രമിക്കവേ സുയോധനന്‍ അറിഞ്ഞു.അടര്‍ക്കളത്തില്‍ എട്ടു സഹോദരങ്ങള്‍ക്ക് കൂടി ജീവന്‍ നഷ്ട്ടപ്പെട്ടതറിഞ്ഞ് അയാള്‍ ഏറെ ദുഖിച്ചു.അയാളെ കാണാനെത്തിയ ഭീക്ഷ്മരോട് സുയോധനന്‍ ചോദിച്ചു:

സൈന്യങ്ങളെ വേണ്ടവിധം ഒരുക്കി വ്യൂഹം ചമച്ചിട്ടും കീര്‍ത്തിമാന്മാരായ നിങ്ങളൊക്കെ ഉണ്ടായിട്ടും എനിക്കെന്താണ് ഇങ്ങിനെ പരാജയം സംഭവിക്കുന്നത്‌?

ആ ചോദ്യം കേട്ട് ഒന്ന് മന്ദഹസിച്ചുകൊണ്ട് ഭീക്ഷ്മര്‍ പറഞ്ഞു:

എല്ലാവരും നിനക്കായി പൊരുതുന്നുണ്ട്.എങ്കിലും നമുക്ക് അവരെ ജയിക്കാനാവുമെന്നു തോന്നുന്നില്ല.അവരുടെ സംഘബലവും കൃഷ്ണ സഹായവും അതിന്റെ കാരണങ്ങളാണ്.അവരെ ശക്തികൊണ്ട് മറികടക്കുക സാധ്യമാല്ലായെങ്കിലും എനിക്കാവും വിധം പോരാടാമെന്നു ഞാന്‍ ഉറപ്പുതരുന്നു.

പിതാമഹന്റെ വാക്കുകളില്‍ സുയോധനന് വീണ്ടും ആത്മവിശ്വാസം തോന്നി.അയാള്‍ ആ കാലുകളില്‍ കണ്ണിരോടെ നമസ്കരിച്ചു.

൦൦൦




No comments:

Post a Comment